വിവരാവകാശ നിയമം
വിവരാവകാശ നിയമം - 2005
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ , കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ , ഫ്ലോപ്പികള്‍ , ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവര്‍ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നല്‍കാം. അപേക്ഷ എഴുതി നല്കാന്‍ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സഹായിക്കണം. അപേക്ഷകന്‍ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയില്‍ കാണിക്കേണ്ടതുള്ളു. വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ അവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കുന്ന പക്ഷം നിര്‍ദ്ദിഷ്ട ഫീസ് ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷകന് വിവരം നല്‍കണം. അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി ലഭിച്ച അപേക്ഷയാണെങ്കില്‍ 35 ദിവസത്തിനകം വിവരം നല്‍കിയാല്‍ മതി. എന്നാല്‍ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്യ്രത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അത് 48 മണിക്കൂറിനകം നല്‍കിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂര്‍ണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തില്‍ പരാതിയുള്ള വ്യക്തിക്ക് അപ്പീല്‍ സംവിധാനവും നിയമത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നല്‍കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികള്‍ തീര്‍പ്പാക്കുന്നതും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസറേയും ഒരു അപ്പലേറ്റ് അതോറിറ്റിയേയും നിശ്ചയിക്കാറുണ്ട്.സാധാരണ ഗതിയില്‍:
പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍- മുനിസിപ്പല്‍ സെക്രട്ടറിയുടെ പി.എ ആയിരിക്കും
അപ്പലേറ്റ് അതോററ്റി മുനിസിപ്പല്‍ സെക്രട്ടറിയും ആയിരിക്കും
സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍
വെബ് സൈറ്റ് - http://keralasic.gov.in/
സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍
Email : sic@kerala.nic.in
- 1376 views