തൃശൂര്‍

ഇന്ത്യക്ക് വഴികാട്ടിയായി എന്നും രണ്ടടി മുന്നില്‍ നടന്നിട്ടുള്ള കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയിലാണ് തൃശൂര്‍ ചരിത്രത്തില്‍ ഇടം തേടുന്നത്. മനുഷ്യസാഹോദര്യത്തിന്റെ ഒരു മഹാമാതൃക പോലെയാണ് തൃശൂര്‍ പട്ടണം ഉയര്‍ന്നുവന്നത്. കൊച്ചിമഹാരാജാവായിരുന്ന ശക്തന്‍തമ്പുരാനാണ് ഏതാണ്ട് രണ്ടരനൂറ്റാണ്ട് മുമ്പ് ഒരു കുന്നുംപുറം പോലെ കിടന്നിരുന്ന തൃശൂരിനെ അതീവസുന്ദരമായ ആധുനിക നഗരമാക്കി ആസൂത്രണം ചെയ്തത്. 

തേക്കിന്‍കാടിനു ചുറ്റും അദ്ദേഹം തീര്‍ത്ത പാത കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരികധാരകളെ സമന്വയിപ്പിക്കുന്നതു കൂടിയായിരുന്നു. കൊച്ചിയില്‍ നിന്ന് ക്രിസ്ത്യാനികളെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. പള്ളി പണിയാനും കച്ചവടത്തിനും വേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുത്തപ്പോള്‍ കേരളസമൂഹം മതേതരമായ ഒരു നഗരത്തിന് ജന്മം നല്‍കുകയായിരുന്നു. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഇടനാട്ടു പ്രദേശമാണ് തൃശൂര്‍.         

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും മാനവീയതാവാദിയുമായിരുന്ന അപ്പന്‍തമ്പുരാന്റെ സാന്നിദ്ധ്യം തൃശൂരിന് മനുഷ്യസാഹോദര്യത്തിന്റെയും സംസ്കാരത്തിന്റെയും മഹനീയമായ ഈണം നല്‍കുകയായിരുന്നു. വിജ്ഞാനത്തെയും വിവരവിനിമയ സംവിധാനങ്ങളെയും ജനാധിപത്യവല്‍ക്കരിച്ച അച്ചുകൂട സംസ്കാരം എന്ന തൃശൂരിന്റെ സവിശേഷതയില്‍ അപ്പന്‍ തമ്പുരാന്റെ കര്‍മ്മമണ്ഡലമാണ് പ്രതിഫലിക്കുന്നത്. അങ്ങനെയാണ് തൃശൂര്‍ സാംസ്കാരിക സ്ഥാപനങ്ങളുടെ നഗരിയെന്ന സവിശേഷതയിലേയ്ക്കു ചുവടുവെയ്ക്കുന്നത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ആസ്ഥാനകോവിലായ വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റും പുത്തന്‍പള്ളിയും ലൂര്‍ദ്ദു പള്ളിയും ജൂമാമസ്ജിദും മതസാഹോദര്യത്തിന്റെ അലകളുയര്‍ത്തി നില്‍ക്കുന്നു. അതോടൊപ്പം കേരള സാഹിത്യ അക്കാദമിയും സംഗീതനാടക അക്കാദമിയും ലളിതകലാ അക്കാദമിയും ശക്തന്‍തമ്പുരാന്റെ കൊട്ടാരവും ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും മനുഷ്യസംസ്കാരത്തിന്റെ ഔന്നത്യം പ്രദര്‍ശിപ്പിച്ച് ഇവിടെ നിലനില്‍ക്കുന്നു.