വ്യവസായം

വ്യവസായം

ഒല്ലൂര്‍ പാക്കിംഗ്
പാക്കിംഗ് കെയ്സ് വ്യവസായത്തിന് പ്രസിദ്ധമാണല്ലോ ഒല്ലൂര്‍. ഈ വ്യവസായത്തിന് ആരംഭം കുറിച്ചത് തന്റെ പൂര്‍വ്വികനായ കാട്ടൂക്കാരന്‍ ദേവസി കുരിയ ആയിരുന്നന്ന് ശ്രീ.ലോനപ്പന്‍ പറഞ്ഞു. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രട്ടീഷുകാര്‍ക്ക് പാക്കിങ്ങ് കെയ്സുകള്‍ ആവശ്യമായിരുന്ന കാലഘട്ടത്തില്‍ ആണ് ശ്രീ. ദേവസി കുരിയ ഈ വ്യവസായം ആരംഭിച്ചത്.
 
കേരളത്തില്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഉണ്ടായതായും പടയോട്ടക്കാലത്ത് ഒരിക്കല്‍ ഒല്ലൂരില്‍ ടിപ്പുസുല്‍ത്താന്‍ വന്നതായും ഒല്ലൂര്‍ പള്ളിക്ക് തീവെച്ചതായും ലോനപ്പന്‍ ഓര്‍ക്കുന്നു. ആ തീവെപ്പില്‍ പള്ളിയുടെ മേല്‍ക്കൂരക്ക് കേടുസംഭവിച്ചു.
 
ഒരിക്കല്‍ തൃശൂരില്‍ മഹാത്മാഗാന്ധി വരികയുണ്ടായി. അക്കൂട്ടത്തില്‍ അദ്ദേഹം ഒല്ലൂരിലും വന്നു. അന്ന് ലോനപ്പന്‍ ചിത്രകല പഠിക്കുന്നതിനായി തൃശൂരിലായിരുന്നു. ഇദ്ദേഹം പഠിക്കുന്ന ചിത്രകലാ സ്കൂളിലെ താഴത്തെ നിലയില്‍ ഗാന്ധിജിക്ക് സ്വീകരണം ഒരുക്കി. അവിടെ ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരുന്നു. ഏവരും അക്ഷമരായി ഗാന്ധിജിയുടെ ആഗമനവും പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. അന്നരം എവിടെനിന്നാ ഒരു കാള അവിടെ വന്നുപെട്ടു. ജനങ്ങളുടെ ശബ്ദാരവം കൊണ്ട് ഭയചകിതനായ കാള പരക്കംപായുവാന്‍ തുടങ്ങി. പുറത്തുകടക്കാന്‍ മറ്റൊരുവഴിയും കാണാതെ കാള ഗാന്ധിജിക്ക് സ്വീകരണം നല്‍കാന്‍ ഒരുക്കിയിരുന്ന വേദിയിലേക്കാണ് പാഞ്ഞത്. ജനങ്ങളുട തിക്കും തിരക്കും കേട്ടവരെല്ലാം ഗാന്ധിജി വന്നു എന്നാണ് വിചാരിച്ച് മുദ്രാവാക്യം വിളിച്ചു. പക്ഷേ വേദിയിലേക്ക് ഓടിക്കയറിയത് പ്രസ്തുത കാളയായിരുന്നു.

അന്നുകാലത്ത് കല്‍ക്കരിയുപയോഗിച്ച് ബസ് ഓടിച്ചിരുന്നു. ഇതിനെ കരിവണ്ടി എന്നാണ് പറഞ്ഞിരുന്നത്.