ചരിത്രം
ശക്തന്‍ തമ്പുരാന്റെ കാലത്താണ് തൃശൂര്‍ രൂപംകൊണ്ടത്. തൃശൂരിന് പല പരിഷ്കാരങ്ങളും വരുത്തുകയും ഭാവിശ്രേയസ്സിനുള്ള ഇതരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളവരില്‍ കൊച്ചിയിലെ ശ്രീ ശക്തന്‍ തമ്പുരാന്‍ തിരുമനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള പല ചരിത്ര പുരുഷന്‍മാരില്‍ എല്ലാംകൊണ്ടും പ്രഥമഗണനീയനാകുന്നു. തൃശൂരിന്റെ ശ്വാസകോശമായ തേക്കിന്‍കാടിന്റെ പരിഷ്ക്കാരം തുടങ്ങിവെച്ചതും അദ്ദേഹമാകുന്നു. ഇന്നും മുഴുവനായിട്ടുമില്ല. അതിനുശേഷം പല പല പരിഷ്കാരങ്ങളും ആവിര്‍ഭവിച്ചിട്ടുണ്ടെങ്കിലും തേക്കിന്‍കാടിനെ തേക്കിന്റെ കാടല്ലാതാക്കി തീര്‍ത്തതും കാടുതന്നെ അല്ലാതാക്കിതീര്‍ത്തതും തമ്പുരാനായിരുന്നു. അതില്‍ പാറമേക്കാവ് ഭഗവതിയുടെ വെളിച്ചപ്പാടിനു കലിയിളകി എന്തോ പരുഷമായി തുള്ളി കല്‍പ്പിച്ചു എന്നും യാതൊരു കൂസലും കൂടാതെ കോമരത്തിന്റെ ശിരച്ഛേദം നിര്‍വ്വഹിച്ചു ആ പദ്ധതിയെ നിഷ്കണ്ഠമാക്കി. അതു സംബന്ധമായ ഏതായാലും പണ്ടുകാലങ്ങളില്‍ കുറ്റക്കാരെ തെക്കേഗോപുരം തെക്കോട്ടുകടത്തിവിട്ടു ശിക്ഷിപ്പിക്കപ്പെട്ടിരുന്ന പതിവ് ഇല്ലാതാക്കി. കാടിനെ അമ്പലപ്പറമ്പും പിന്നീട് പൂരപ്പറമ്പും ആക്കിയതും ശക്തന്‍ തമ്പുരാന്‍ ആണ്.
അഖില ഭാരത പ്രശസ്തിപോലും ആര്‍ജ്ജച്ചിട്ടുള്ള തൃശൂര്‍ പൂരത്തെ ആറാട്ടുപുഴയില്‍നിന്നു പിന്‍വലിപ്പിച്ചതോ, സ്വതേ പിന്‍വലിഞ്ഞ പൂരക്കാരെ കൂട്ടുപ്പിടിച്ചോ തൃശൂരിലെ ഒരു ആണ്ട് ഉത്സവമാക്കി. തൃശൂര്‍ പൂരം സൃഷ്ടിച്ച് തൃശൂരിന്റെ പേരും പെരുമയും പരത്തി നിലനിര്‍ത്തിയത് അദ്ദേഹമാണ്. പൂരത്തെ പ്രശസ്തമാക്കിത്തീര്‍ത്ത പാറമേക്കാവ്, തിരുവമ്പാടി ദേശക്കാരെ മത്സരത്തിനു വിധേയരാക്കിയതുപോലും അദ്ദേഹമാണെന്നാണ് പറയപ്പെടുന്നത്. സര്‍ക്കാര്‍ പ്രവേശിച്ച നിയന്ത്രണ നിയമങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ മാത്രം ആ മത്സരം പില്‍ക്കാലത്ത് മൂര്‍ച്ഛിച്ചതായും ഇപ്പോഴെല്ലാം നിയമാനുഷ്ഠിതങ്ങളായും കണക്കാക്കപ്പെടുന്നുണ്ട്.
രാജ്യത്തിലെ ജവുളിക്കച്ചവടം വര്‍ദ്ധിപ്പിക്കാനായി പാണ്ടിനാട്ടില്‍നിന്നും പരദേശികളായ ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തിയും അവരുടെ സൌകര്യത്തിനുവേണ്ടിയും, അവരെ ആകര്‍ഷിക്കുവാനും പട്ടിക്കാട്ടും, ചെറുതുരുത്തിയിലും, തൃശൂരും സര്‍ക്കാര്‍വക ഊട്ടുപുരകള്‍ സ്ഥാപിച്ചതും ശക്തന്‍തമ്പുരാനാണ്. നാട്ടുവ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വേണ്ടി ചില പ്രത്യേക സിറിയന്‍ കൃസ്ത്യന്‍ കുടുംബക്കാര്‍ക്ക് സ്വതന്ത്രമായും സ്വന്തമായും താമസസ്ഥലങ്ങളും പാണ്ടിയില്‍ നിന്നുവന്നെത്തിയ പരദേശ ബ്രാഹ്മണര്‍ക്കു ശല്യം കൂടാതെ താമസിക്കുന്നതിനും സൌജന്യമായി മഠങ്ങളും സ്ഥാപിക്കുകയും ചെയ്തു. തൃശൂരിലെ അങ്ങാടിയും, പാണ്ടിസമൂഹമഠവും ആ വഴിക്കുവളര്‍ന്നുവന്നിട്ടുള്ളതാണ്. മാപ്പ് കിട്ടുന്നുതിനു വളരെമുമ്പുതന്നെ എല്ലാവരുടേയും സമ്മതപ്രകാരം അന്നത്തെ പാശ്ചാത്യശക്തിയുടെ മദ്ധ്യസ്ഥതയിലും ശ്രീ ശക്തന്‍ തമ്പുരാന്‍ രാജ്യകാര്യങ്ങളില്‍ പ്രവേശിച്ചു ഭരണം നടത്തുവാന്‍തുടങ്ങി. അത്രക്കും പ്രാപ്തനും , ധീരനും, വിവേകിയും ആയിരുന്നു അദ്ദേഹം.
സാമൂതിരിപ്പാടു തമ്പുരാനും പടയും തൃശൂരില്‍നിന്നു പിന്‍വലിഞ്ഞതോടുകൂടി ശക്തന്‍ തമ്പുരാനു ഭരണവും കൈവന്നു. സാമൂതിരിക്കൂറുകാരായിരുന്ന പ്രബലന്മാരായിരുന്ന നമ്പൂതിരിമാരെല്ലാം ഭയപ്പെട്ടും കര്‍ത്തവ്യവിമൂഢരായും നാടുവിട്ടു. സാധുക്കള്‍ മാത്രം ബാക്കിനിന്നു. വടക്കുന്നാഥന്‍ ക്ഷേത്രം ഭണ്ഡാരം കയറി. നമ്പൂതിരിമാരുടെ അധികാരവും ഉടമസ്ഥത കൂറുകളും എല്ലാം ഇല്ലാതായി. സ്ഥലത്ത് ആളും ഇല്ലാതായി. അന്നുണ്ടായിരുന്ന യോഗാതിരിയും പേടിച്ചോടി. പിന്നെ തൃശൂര്‍ക്ക് കടന്നില്ല. അതോടെ യോഗാതിരിപ്പാടിന്റെ അവരോധം ഇല്ലാതായി. അങ്ങനെയാണ് തൃശൂരിന്റെ പ്രധാന സ്ഥാനമായ വടക്കുന്നാഥന്‍ ക്ഷേത്രം സര്‍ക്കാര്‍വകയായത് . അങ്ങനെ ആക്കിയതും ഭരണ മുറകളെ ഏര്‍പ്പെടുത്തിയതും ശക്തന്‍തമ്പുരാന്‍ ആണ്. ഇതിനു ശേഷമാണ് മുന്‍പറഞ്ഞ തേക്കിന്‍കാട് പരിഷ്കാരം ആരംഭിച്ചത്.
പണ്ടുണ്ടായിരുന്ന നമ്പൂതിരിമാരെല്ലാം സാമൂതിരിപക്ഷക്കാരായിരുന്നതുകൊണ്ടും, അവരെ വിശ്വസിക്കാന്‍ പാടില്ല എന്നു കരുതിയും അന്നു മുതല്‍ ക്ഷേത്രത്തിലെ ശാന്തി മുതലായ എല്ലാ കാര്യങ്ങള്‍ക്കും ശക്തന്‍ തമ്പുരാന്‍ അന്യദിക്കില്‍നിന്നും പ്രാപ്തന്മാരായ ആളുകളെ വരുത്തുകയും , നിശ്ചയിക്കുകയും അവര്‍ക്കുള്ള യോഗ്യതകളും, വേതനങ്ങളും വിവരിക്കുകയും മറ്റും ചെയ്തു. കുറുമ്പ്രനാട്ടില്‍നിന്നു മേല്‍ശാന്തിക്കുള്ളവരേയും തലശ്ശേരിക്കടുത്തുനിന്ന് അമ്പലവാസികളേയും, മറ്റുചിലരേയും വരുത്തുകയും അതാതു ജോലികളില്‍ നിശ്ചയിക്കുകയും ചെയ്തതും ശക്തന്‍ തമ്പുരാന്‍ ആണ്. ആദ്യകാലത്ത് തൃശൂര്‍ രണ്ടു കോവിലകങ്ങളും, മൂന്നു ചിറകളും ഉണ്ടായിരുന്നു. തെക്കേ കോവിലകം (എരട്ടച്ചിറ കോവിലകം), വടക്കേ കോവിലകം(ഇന്നുള്ള പഴയ കോവിലകം), വടക്കേച്ചിറ, പടിഞ്ഞാറേച്ചിറ(പില്‍ക്കാലത്ത് അത് എരട്ടച്ചിറയായി) വടക്കേ കോവിലകത്തു കൊച്ചി വലിയ തമ്പുരാനും, തെക്കേ കോവിലകത്തു പെരുമ്പടപ്പു മൂപ്പില്‍നിന്നും എഴുന്നള്ളി താമസിക്കും. സ്വരൂപത്തിലെ എല്ലാ താവഴികളിലേക്കും മൂത്ത ആള്‍ പെരുമ്പടപ്പില്‍ മൂപ്പിന്ന് അദ്ദേഹം. ഗംഗാധര തിരുകോവിലധികാരികളായിരുന്നു ക്ഷേത്രങ്ങളിലെ മേല്‍ക്കോയ്മക്കാര്‍. ശക്തന്‍ തമ്പുരാന്റെ ആദ്യകാലത്ത് പെരുമ്പടപ്പില്‍ മൂപ്പീന്ന് ചാഴൂര്‍താവഴി കാരണവരായിരുന്നു. പിന്നീട് ആ സ്ഥാനം ഇല്ലാതായി. എല്ലാം കൊച്ചി രാജാവായി. തൃശൂരിനെ മിഷ്യന്‍ ക്വാട്ടേഴ്സിനോടു യോജിപ്പിക്കുന്ന പുതിയ തെക്കുവെട്ടുവഴി വന്നപ്പോഴാണ് തെക്കേച്ചിറ എരട്ടച്ചിറയായത്. ആ വെട്ടുവഴിയുടെ കിഴക്കുഭാഗം കാലാന്തരത്തില്‍ ചിറയല്ലാതെയായി. വടക്കേച്ചിറക്കു വടക്കുഭാഗത്തുള്ള വടക്കേക്കര കോവിലകത്താണ് ഇന്നത്തെ പഴയ കോവിലകം എന്ന വലിയ കോവിലകം. ശക്തന്‍ തമ്പുരാന്‍ എഴുന്നള്ളി താമസിച്ചിരുന്നത് തൊട്ടുള്ള അശോകേശ്വരം ക്ഷേത്രം ആ കോവിലകം വകയാണ്. ഇവിടെയാണ് ശക്തന്‍ തമ്പുരാന്‍ ‘തൃക്കണ്‍' പാര്‍ക്കാറ്. ശക്തന്‍ തമ്പുരാന്റെ അടുത്ത സുഹൃത്തായിരുന്ന തരകന്റെ ഭവനവും ഇടക്ക് അദ്ദേഹം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ശക്തന്‍ തമ്പുരാന്‍ മഹാരാജാവാണ് ആധുനിക തൃശൂരിന്റെ ശില്പി.
ഒരിക്കല്‍ അദ്ദേഹം എഴുന്നള്ളിയപ്പോള്‍ ശാന്തിക്കാരനില്‍ കണ്ട വീഴ്ചക്ക് കഠിനമായി ശിക്ഷിച്ച കഥയുണ്ട്. ആ വടക്കേക്കര കോവിലത്താണ് സാമൂതിരി പാര്‍ത്തിരുന്നത്. അതിന്റെ കേടുപാടുകള്‍ തീര്‍ത്തു പുതുക്കിയതും ശക്തന്‍ തമ്പുരാനാണ്. അതിന്റെ ചുറ്റും കോട്ടയും കിടങ്ങും ഉണ്ടാക്കിയതും അദ്ദേഹമാണ്. ഇംഗ്ളീഷുകാരുമായി തടസ്സം പറഞ്ഞതായും തമ്പുരാന്‍ ഒഴിവുകള്‍ പറഞ്ഞ് പണി പൂര്‍ത്തിയാക്കിയ ഇംഗ്ളീഷുകാരുടെ നീരസ്സം സമ്പാദിക്കേണ്ടിവന്നതായും രേഖകളുണ്ട്. ആ കോവിലകത്തിന്റെ രണ്ടാം നിലയിലെ വടക്കേ അറ്റത്തുകിടന്നാണ് തമ്പുരാന്‍ തീപ്പെട്ടത്. അശോകേശ്വരത്തിനും കോവിലകത്തിനും നടുക്കുള്ള സ്ഥലത്ത് കിഴക്കേ അറ്റത്ത് ഉയരം കൂടിയ ആ സ്ഥലത്താണ് സംസ്കരിച്ചത്. ആ സ്ഥലം ഇന്നും ഒരു പ്രത്യേക സ്ഥലമായി സൂക്ഷിച്ചുപോരുന്നു. തൃശൂര്‍ പൂരത്തിന്റെ പണ്ടത്തെ കോവിലകത്തെ പൂരവും പറയും ശക്തന്‍ തമ്പുരാന്‍ ഏര്‍പ്പെടുത്തിയതാണ്. ശക്തന്റെ കാലത്ത് ആദ്യഘട്ടത്തില്‍ കൊച്ചി ശീമക്കു രണ്ടു മുഖങ്ങള്‍ ഉണ്ടായിരുന്നു. വടക്കേ മുഖമെന്നും, തെക്കേ മുഖമെന്നും. വടക്കേ മുഖത്തിന്റെ പ്രധാനസ്ഥലവും സര്‍വാധികാരിയുടെ കാര്യാലയവും തൃശൂരായിരുന്നു. വഴിയേ കിഴക്കേമുഖം കൂടി ഉണ്ടായി. ചിറ്റൂര്‍ രാജ്യം കൊച്ചിക്കു ചേര്‍ന്നപ്പോള്‍ തന്നെ തലപ്പിള്ളി നാടുമുഴുവനും വടക്കേമുഖത്തില്‍ പെട്ടതായിരുന്നു. ശക്തന്‍ എന്ന തിരുനാമം വെറുതേ ഉണ്ടായതോ അര്‍ത്ഥമില്ലാതെ പറഞ്ഞുവന്നതോ അല്ല. ആ പേരിനെ അയല്‍ രാജാക്കന്മാരും അംഗീകരിച്ചിരുന്നു. അത്യന്തം ദയാലുവും ഉദാരനുമായിരുന്നു അദ്ദേഹം. സ്നേഹംകൊണ്ടായാലും ദയകൊണ്ടായാലും ശക്തന്‍ തമ്പുരാന്റെ കാലത്ത് രാജ്യത്തുമുഴുവനും അസത്യവും അക്രമവും വളരെ കുറവായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് തൃശൂര്‍ ഒരു തുറമുഖപട്ടണമായിരുന്നു. ശക്തന്‍ തമ്പുരാന്റെ കാലത്തുതന്നെയാണ് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പുവിന്റെ പിതാവായി ഹൈദരാലിയുടെ മലബാര്‍ ആക്രമണം മുതല്‍ക്കുതന്നെ മൈസൂര്‍ പുലിയോട് എതിര്‍ക്കുവാന്‍ മാടരാജാവിന് ശക്തിയില്ലെന്നും എതിര്‍ത്തിട്ടുഫലമില്ലെന്നും അതുകൊണ്ട് മുപ്പുവാഴ്ച്ചക്കുമുമ്പുതന്നെ കൊച്ചിയുടെ പ്രതിനിധിയായി. ടിപ്പുവിന്റെ രാജ്യങ്ങളെല്ലാം ഇംഗ്ളീഷുകാരുടേതായിതീരുകയും സാമൂതിരിപ്പാട് ഉള്‍പ്പെടെ എല്ലാ രാജാക്കന്മാരും രാജ്യമില്ലാത്തവരായ കാലത്തും കൊച്ചി അവശേഷിച്ചത് ശക്തന്‍ തമ്പുരാന്റെ ആ ദീര്‍ഘദൃഷ്ടിയുടെ പരിണിത ഫലം മാത്രമാകുന്നു. ശക്തന്‍ തമ്പുരാന്റെ നേത്യാരമ്മ തൃശൂരിലെ വടക്കേ കരിമ്പറ്റത്തെ ചിമ്മുക്കുട്ടിയായിരുന്നു എന്നുള്ളതും സ്മരണീയമാകുന്നു. തൃശൂരിന്റെ ജനയിതാവും സംരക്ഷകനും ആ പട്ടണത്തെ അഭിവൃദ്ധിയുടെ പാതയിലേക്ക് നയിച്ച ആളും മറ്റും ശക്തന്‍ തമ്പുരാന്‍ ആണ്. ശക്തന്‍ തമ്പുരാന്റെ ഭരണഘട്ടത്തില്‍ മാളിയേക്കല്‍ കര്‍ത്താക്കള്‍ എന്ന ബ്രാഹ്മണ തറവാട്ടുകാര്‍ക്ക് കൊല്ലും കൊലയും അധികാരമുണ്ടായിരുന്നു. അക്കാലത്ത് തെറ്റുചെയ്തിരുന്നവര്‍ക്ക് ശിക്ഷകല്‍പ്പിച്ചിരുന്നത് മാളിയേക്കല്‍ കര്‍ത്താക്കള്‍ ബ്രാഹ്മണരായിരുന്നു. അവരുടെ സ്ഥലമാണ് അറക്കാംതുരുത്ത്. അവിടെ വന്നിട്ടാണ് ശിക്ഷിക്കപ്പെട്ടിരുന്നവരുടെ തലയറുത്തിരുന്നത്. 1700-ല്‍ ടിപ്പുവിന്റെ പടയോട്ടം തടയുവാനായി കോട്ടയും കിടങ്ങും നിര്‍മ്മിച്ചിരുന്നു. ഇതിന്റെ മുകളില്‍നിന്ന് ശക്തന്‍ തമ്പുരാന്‍ മഹാരാജാവ് പാലസ് മൈതാനത്തുനടക്കുന്ന അഭ്യാസപ്രകടനങ്ങളും ഗാര്‍ഡ് ഓഫ് ഓണറും വീക്ഷിക്കുമായിരുന്നു. കൊച്ചിയില്‍നിന്നും ഓടി വഞ്ചിയില്‍ തൃശൂര്‍ അരണാട്ടുകര തരകന്റെ കടവിലാണ് തമ്പുരാന്‍ ഇറങ്ങിയത്. കൊല്ലവര്‍ഷം 1084-ല്‍ ആണ് സര്‍വ്വെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം തൃശൂര്‍ പട്ടണം നിലവില്‍വന്നത്. പെരിങ്ങാവ്, ചിയ്യാരം, ഒല്ലൂക്കര തൃശൂരിന്റെ അതിര്‍ത്തികളായിരുന്നു.
- 3734 views